സ്വാശ്രയ കോളജുകള്‍ക്ക് മാത്രമായി കാമറ നടപ്പാക്കാന്‍ തീരുമാനമെടുത്തത് അന്യായമാണെന്ന വാദം കോടതി അംഗീകരിച്ചു
കൊച്ചി: സര്‍ക്കാര്‍ മേഖലയിലുള്‍പ്പെടെ സംസ്ഥാനത്തെ എല്ലാ കോളജിലെയും പരീക്ഷാ ഹാളുകളില്‍ സി.സി.ടി.വി കാമറ സ്ഥാപിക്കണമെന്ന് ഹൈകോടതി. 2016 ജൂണോടെ പരീക്ഷാ സമയത്തെങ്കിലും സി.സി.ടി.വി കാമറ ഉറപ്പു വരുത്തണമെന്ന് ജസ്റ്റിസ് വി. ചിദംബരേഷ് ഉന്നത വിദ്യാഭ്യാസ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. കോപ്പിയടി അടക്കമുള്ള ക്രമക്കേടുകള്‍ തടയാന്‍ ഉപകരിക്കുമെന്ന് വ്യക്തമാക്കിയാണ് സിംഗ്ള്‍ബെഞ്ചിന്‍െറ ഉത്തരവ്. സ്വാശ്രയ കോളജുകളുടെ പരീക്ഷാ ഹാളില്‍ സി.സി.ടി.വി വെക്കാനുള്ള എം.ജി സര്‍വകലാശാല സിന്‍ഡിക്കേറ്റ് തീരുമാനം ചോദ്യം ചെയ്ത് കേരള സെല്‍ഫ് ഫിനാന്‍സിങ് എന്‍ജിനീയറിങ് കോളജ് മാനേജ്മെന്‍റ് അസോസിയേഷന്‍, കേരള പ്രൈവറ്റ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് അണ്‍ എയ്ഡഡ് കോളജ് മാനേജ്മെന്‍റ് അസോസിയേഷന്‍ എന്നിവര്‍ നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
സര്‍വകലാശാലക്ക് കീഴില്‍ എയ്ഡഡ്, സര്‍ക്കാര്‍ മേഖലകളിലും കോളജുകളുണ്ടെന്നും അവിടങ്ങളിലൊന്നും നടപ്പാക്കാത്ത നിര്‍ദേശമാണ് സ്വാശ്രയ കോളജുകള്‍ക്ക് മാത്രമായി നിര്‍ദേശിച്ചതെന്നുമായിരുന്നു ഹരജിയിലെ വാദം. പരീക്ഷാ കേന്ദ്രങ്ങളില്‍ സി.സി.ടി.വി വെക്കണമെന്ന തീരുമാനം 2014 ഒക്ടോബര്‍ 27ന് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ വിളിച്ചുചേര്‍ത്ത സംസ്ഥാനത്തെ സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരുടെ യോഗത്തിലാണ് ഉണ്ടായത്. ഇതിന്‍െറ അടിസ്ഥാനത്തില്‍ ആദ്യഘട്ടമെന്ന നിലയില്‍ സ്വാശ്രയ കോളജുകളില്‍ സി.സി.ടി.വി വെക്കാന്‍ എം.ജി സര്‍വകലാശാല സിന്‍ഡിക്കേറ്റ് തീരുമാനിക്കുകയായിരുന്നു. സ്വാശ്രയ കോളജുകളെ മാത്രം ലക്ഷ്യമിട്ടുള്ള പദ്ധതി വിവേചനപരമാണ്. സ്വാശ്രയ കോളജുകളുടെ കൂടിയ വിജയ നിലവാരം ക്രമക്കേടുകളിലൂടെ ഉണ്ടാക്കിയതാണെന്ന ധാരണ പരത്തുന്നതാണ് ഈ നിര്‍ദേശം. എയ്ഡഡ്, സര്‍ക്കാര്‍ കോളജുകളില്‍ അരങ്ങേറുന്ന പരീക്ഷാ ക്രമക്കേടുകള്‍ മറച്ചുവെക്കുന്നതും തെറ്റായ സന്ദേശം നല്‍കുന്നതുമാണ് സര്‍വകലാശാല സിന്‍ഡിക്കേറ്റിന്‍െറ തീരുമാനമെന്നും ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി.
എയ്ഡഡ്, സര്‍ക്കാര്‍ കോളജുകളിലും പരീക്ഷാ ക്രമക്കേടുകള്‍ നടക്കുന്നുണ്ടെന്നും സ്വാശ്രയ കോളജുകള്‍ക്ക് മാത്രമായി സി.സി.ടി.വി കാമറ നിര്‍ദേശം നടപ്പാക്കാന്‍ തീരുമാനമെടുത്തത് അന്യായമാണെന്നുമുള്ള വാദം കോടതി അംഗീകരിച്ചു. തുടര്‍ന്നാണ് സ്വാശ്രയ കോളജുകളില്‍ മാത്രമല്ല, എല്ലാ സ്വാശ്രയ, എയ്ഡഡ്, അണ്‍ എയ്ഡഡ്, സര്‍ക്കാര്‍ കോളജുകളിലും പരീക്ഷാ ഹാളില്‍ സി.സി.ടി.വി സംവിധാനം ഉറപ്പാക്കാന്‍ ഉത്തരവിട്ടത്. ക്രമക്കേട് ഒഴിവാക്കാനും കണ്ടുപിടിക്കാനും മാത്രമല്ല, കോഴ്സുകളുടെയും പരീക്ഷകളുടെയും മികവ് വര്‍ധിപ്പിക്കാനും ഈ സംവിധാനം ഉപകരിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.